ഭാരതത്തിന്റെ ആത്മീയതയിൽ
വിശ്വാസത്തിനു യാതൊരു സ്ഥാനവും ഇല്ല. വിശ്വാസം മതങ്ങളിൽ ആണുള്ളത്. ആത്മീയതയിൽ വിശ്വാസത്തിനല്ല, ബുദ്ധിയുപയോഗിച്ചുള്ള വിശാകലനത്തിലും അതിൽ
കൂടി ലഭിക്കുന്ന "അറിവി"നും അഥവാ "ജ്ഞാന"ത്തിനും ആണു സ്ഥാനം. അതുകൊണ്ടാണല്ലോ ഗുരുദേവൻ ആ "അറിവിനെ"ത്തന്നെ അഥവാ “ജ്ഞാനത്തെ”ത്തന്നെ ദൈവമായി കാട്ടിത്തന്നതും. "അറിവിലും ഏറി അറിഞ്ഞിടുന്നവാൻ"
എന്നും, നീ സത്യം "ജ്ഞാന"മാനന്ദം എന്നും
ആ പരബ്രഹ്മത്തെപ്പറ്റി പറഞ്ഞത് പലർക്കും മനസ്സിലായിട്ടില്ല. “ജ്യോതിസ്സുകൾക്കും ജ്യോതിസ്സായ അതു താമസ്സിനും
അപ്പുറമാണുള്ളത്, ജ്ഞാനവും ജ്ഞേയവും ജ്ഞാനഗംമ്യവും അതുതന്നെ.
അത് എല്ലാവരുടെയും ഹൃദയത്തിൽ,
സ്ഥിതി ചെയ്യുന്നു.” എന്നാൽ ബഹുഭൂരിപക്ഷം ജനങ്ങൾക്കും പര-അപരപ്രകൃതികളുടെ
വിളയാട്ടത്താൽ അത് മനസ്സിലാകാതെയും പോകുന്നു.
അവർക്ക് അതിനെ മനസ്സിലാക്കിക്കൊടുക്കാൻ വേണ്ടിയാണു ഗുരുദേവൻ തന്റെ കൃതികളിൽ
ഈ വിഷയങ്ങളെപ്പറ്റി എഴുതിയത്. എന്നാൽ പലരും ഗുരുദേവകൃതികൾ മനസ്സിലാക്കാൻ ശ്രമിക്കുന്നത്
സ്വയം സൃഷ്ടിച്ച,
അല്ലെങ്കിൽ ഏതെങ്കിലും ഒരു സങ്കുചിതമതം (രാഷ്ട്രീയപ്പാർട്ടി എന്നപേരിൽ അറിയപ്പെടുന്ന
മതവും ആകാം ഇത്) സൃഷ്ടിച്ച ഒരു കാർമേഘപടലത്തിലൂടെ
ആണ്. അപ്പോൾ ഗുരുദേവൻ പറഞ്ഞ കാര്യങ്ങൾ മനസ്സിലാകില്ല.
മനസ്സിലാക്കിയാൽ തന്നെ തെറ്റായേ മനസ്സിലാക്കാൻ
പറ്റൂ. അവിടെയാണു വിശ്വാസം കടന്നു വരിക. ഈ
മതത്തിന്റെ അഥവാ മതങ്ങളുടെ അതിപ്രസരം കാരണം മുൻവിധിയില്ലാതെ ചിന്തിക്കാനും ഇക്കൂട്ടർക്ക്
സാധിക്കില്ല. അപ്പോൾ, ഗുരുദേവനും മറ്റു ആദ്മീയ ഗുരുക്കന്മാരും നമുക്ക്
വേണ്ടി പറഞ്ഞും എഴുതിയും തന്ന "രഹസ്യത്തിലും
രഹസ്യമായ ജ്ഞാനം" മനസ്സിലാകില്ല. മനസ്സിലാകാത്തിടത്തോളം കാലം അവയെ "ഒട്ടും ത്യജിക്കാതെ വിമർശനം
ചെയ്തിട്ടു്”
അതിൽ നിന്നും ഒന്നും മനസ്സിലാക്കാനും സാധിക്കില്ല. അപ്പോൾ പിന്നെ എങ്ങനെ "മനസ്സിലാക്കിയതനുസരിച്ച് ചെയ്താലും" എന്ന് ഉപദേശിച്ചതിനെ പ്രാവർത്തികമാക്കാൻ
പറ്റും? ഭാരതത്തിലെ ആത്മീയ ഗുരുക്കന്മാരാരും തന്നെ
അവർ പറഞ്ഞതിനെ വിശ്വസിക്കാനും അതനുസരിച്ചു ജീവിക്കാനും ഉപ്ദേശിച്ചിട്ടില്ല. അങ്ങനെ
ആരെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ അവർ ആത്മീയഗുരുക്കന്മാരല്ല, ആത്മീയത്തെ കച്ചവടച്ചരക്കാക്കിയ വികർമ്മസ്ഥഃ-വ്യവസായികളാണ്. ഇന്ന് ലോകം ചുറ്റുന്ന പല
"ആനന്ദന്മാരും” “ആനന്ദികളും” അത്തരക്കാർ തന്നെ. അവരുടെ വാക്ക് കേട്ടാലും ഗുരുദേവനെ
മനസ്സിലാക്കാൻ പറ്റില്ല. തന്നെയുമല്ല അവരിൽ
ചിലർ മറ്റും ചില മതവ്യവസ്സയികളുടെ കൂലിപ്പണിക്കാരും കൂലിയില്ലാപ്പണിക്കാരും
ആണുതാനും. അപ്പോൾ മനസ്സിലാകില്ലാ എന്ന് മാത്രം അല്ല, ഇവരുടെ പല വാക്കുകളും പ്രാവർത്തികളും ഗുരുദേവദർശനങ്ങളെ
കാലക്രമേണ തുരങ്കം വയ്ക്കാനായി രൂപം കൊടുത്തിട്ടുള്ളതും ആയിരിക്കും.
ഭാരതീയ ഗുരുക്കന്മാർ പറയുന്നതിനെ
അപ്പടി അനുസരിക്കയല്ല വേണ്ടത്,
മറിച്ചു “നിർഭായമായും വസ്ഥുനിഷ്ടമായും” പഠിച്ചു മനസ്സിലാക്കി ബുദ്ധിപൂർവ്വമായതും
സ്വതന്ത്രമായതും ആയ തീരുമാനം എടുത്തു അതിനനുസരിച്ചു
ജീവിക്കുവാനാണു അവർ ഉപദേശിച്ചിട്ടുള്ളതും. അവരെ വിമർശിക്കുന്നതോ ചോദ്യം
ചെയ്യുന്നതോ തെറ്റും അല്ല. അതാണു “വിമർശിച്ചും ചിന്തിച്ചും മനസ്സിലാക്കി യുക്തമായത്
ചെയ്യുവാൻ”
അവർ ഉപദേശിച്ചതും. എന്നാൽ പലരും ഇന്നും വിശ്വാസത്തിൽ കുടുങ്ങിക്കിടക്കുകയാണെന്നതാണു
പരിതാപകരം.
ഇങ്ങനെ "വിമർശിച്ചും
ചിന്തിച്ചും മനസ്സിലാക്കി യുക്തമായത് ചെയ്യുവാൻ" "ജ്ഞാനം" അഥവാ
"അറിവ്" ആവശ്യമാണ്. എന്നാൽ "യാതൊരു ജ്ഞാനം അഹന്തയാകുന്ന ഭാനവൃത്തിയോടുകൂടി
ഉള്ളിലും, അതേ പ്രകാരം യാതൊന്നു തന്നെ വെളിയിലും ഇരിക്കുന്നുവോ” അവയ്ക്ക് അഥവാ അങ്ങനെയുള്ളവർക്ക്, ഇത് സാധിക്കയില്ല. അപ്പോൾ അതിനെ ആ അവസ്ഥയിൽ
നിന്നും മാറ്റി അതായത് “അഹംങ്കാരാദി
വ്യവഹാരങ്ങളെ ത്യജിച്ചുകൊണ്ടു”
“നാശരഹിതമായ ആത്മജ്ഞാനത്തിലേക്കു” കടക്കാൻ ഓരോരുത്തരും ശ്രമിക്കേണ്ടതാണ്. ആയതിലേക്കാണു ഗുരുദേവൻ തന്റെ ദർശനങ്ങളെ നമുക്ക്
നല്കിയതും. പക്ഷെ ജനം അതൊന്നും മനസ്സിലാക്കാതെ
മതങ്ങളിൽ കുരുങ്ങിക്കിടക്കുന്നു. മറ്റുള്ളവർ പറയുന്നതിലെ സത്യം തിരക്കി അറിയാതെ, ആ മേഘപടലത്തിലൂടെ മുൻവിധിമാത്രം ഉപയോഗിച്ചും
"വിമർശിച്ചും ചിന്തിച്ചും മനസ്സിലാക്കാതെയും,"
ആയതിനാൽ യുക്തമായത് ചെയ്യുവാൻ സാധിക്കാതെ നിഗമനങ്ങളിൽ എത്തി പ്രതികരിക്കുന്നു, പ്രവർത്തിക്കുന്നു. ഹ കഷ്ടം.
© ഉദയഭാനു പണിക്കർ