© ഉദയഭാനു പണിക്കർ
അറിവുമറിഞ്ഞിടുമര്‍ത്ഥവും
പുമാന്‍ ത-
ന്നറിവുമൊരാദിമഹസ്സു മാത്രമാകും;
വിരളത വിട്ടു വിളങ്ങുമമ്മഹത്താ-
മറിവിലമര്‍ന്നതു മാത്രമായിടേണം.
ന്നറിവുമൊരാദിമഹസ്സു മാത്രമാകും;
വിരളത വിട്ടു വിളങ്ങുമമ്മഹത്താ-
മറിവിലമര്‍ന്നതു മാത്രമായിടേണം.
മനുഷ്യൻ ഇന്നത്തെ ചുറ്റുപാടിൽ, ആഗോളഗുണപ്രദമായ താല്പര്യങ്ങളെ ഉൾക്കൊണ്ടാവണം ജീവിതം രൂപപ്പെടുത്തുവാൻ. മനുഷ്യന്‍റെ മാത്രമല്ല,
സകല ചരാചരങ്ങളുടെയും നല്ലതിനെ
ലക്ഷ്യമാക്കിയുള്ള ഒരു
ദർശനമായിരിക്കും അതിനുതകുക. ആ
ലക്ഷ്യപ്രാപ്തിയേ ഉന്നം വച്ചുകൊണ്ടുള്ളതാണു് ഗുരുദേവന്‍റെ ദർശനം.
അദ്വൈതമാണു് ഗുരുദേവദർശനത്തിനാധാരം. അവിടെ
പരമാത്മാവും ജീവാത്മാവും, ആവ തമ്മിലുള്ള ബന്ധവും വളരെ പ്രാധാന്യം
ഉള്ളതാണു്, അവ അനുപൂരകങ്ങളും. അവയുടെ പാരസ്പരതയിൽ “ദ്വൈതം”
എന്നു തോന്നാമെങ്കിലും അതു് “ദ്വൈതം”
അല്ലാത്തതാണെന്നും (“അദ്വൈതം” തന്നെ എന്നും) ഗുരുദേവൻ ആത്മോപദേശശതകത്തിലെ
നാലാം മന്ത്രത്തിലും സൂചിപ്പിക്കുന്നു. എല്ലാം തന്നെ അറിവും ആദിമഹസ്സും മാത്രം ആണെന്നു്
ഓതുകയാണീ മന്ത്രം.
നമ്മുടെ അറിവും, ആ അറിയപ്പെടുന്ന
അർത്ഥവും, അറിയുന്ന നമ്മളും, സർവ്വ അറിവിനും
ആധാരമായ, (ആ അറിവുതന്നെയായ); ആദി
മഹസ്സും എല്ലാം ഒന്നു തന്നെയാണു്. മാറിമാറിവരുന്ന താല്ക്കാലികമായ
കൊച്ചുകൊച്ചനുഭവങ്ങൾ അറിവിന്‍റെ കണികകൾ
മാത്രമാണു്. ഈ അനുഭവങ്ങളും അവയാലുണ്ടാകുന്ന വിവിധമായ വികാരങ്ങളും നമ്മെ
ബാധിക്കുന്നു. എന്നാൽ ‘ആ ആദിമഹസ്സ് ഇതിൽ നിന്നെല്ലാം അകന്നു്, യാതൊന്നിനും ബാധിക്കാനാവാതെ, എന്നാൽ സർവ്വത്തേയും
സദാ നീയന്ത്രിച്ചു് വിളങ്ങുന്നു’.(1) ഈ സംസാരസാഗരത്തെയെല്ലാം
വിട്ടകന്നു്, ആ മഹത്തായ അറിവിൽ അലിഞ്ഞു ചേരുകയാണു് നമ്മുടെ ലക്ഷ്യം.
നാം കാണുന്ന വസ്തുക്കൾ; അവ ഉണ്ടെന്ന
തോന്നുന്ന അറിവു്; “ഞാൻ”, “ഞാൻ” എന്നു
അനുഭവപ്പെടുന്ന അറിയുന്നവൻ; ഇതെല്ലാം തന്നെ, എല്ലാത്തിനും ആദികാരണമായ ആദിമഹസ്സുമാത്രം ആണു് എന്ന ബോധം നമ്മിൽ ഉണ്ടാകണം. എങ്കിൽ മാത്രമേ ആ
ആദിമഹസ്സുമായി ലയിച്ചു് അതായിത്തീരുക സാദ്ധ്യമാകൂ.
“ജ്ഞാനം” വെളിച്ചമായി
കണക്കാക്കപ്പെടുന്നു. അതായതു് സദാ സ്വയം പ്രകാശിക്കുന്നു, ആ പ്രകാശം ചുറ്റും
വിതറുന്നു. “ജ്ഞാനം” തന്നെയാണു് “ആത്മാ”വും. എന്തിനെക്കുറിച്ചുള്ള “ജ്ഞാനം” ആണോ ആ
വസ്തു അഥവാ ആ വിഷയം, അതു് “ജ്ഞേയം”;
അഥവാ അറിയേണ്ടതു്. ആരറിയുന്നുവോ അതു “ജ്ഞാതാ”വു്. ഇവയും “ആത്മാവു”തന്നെ. മൂന്നു് ഇതളുകൾ
എന്ന അർത്ഥത്തിൽ ഇതിനെ “ത്രിപുടി” എന്നും
പറയപ്പെടുന്നു. അഘിലാണ്ഡത്തിലെ ജ്ഞാനം മുഴുവനും നമുക്കില്ല. എന്നാൽ ചിലതൊക്കെ
ഉണ്ടുതാനും. അഘിലാണ്ഡം മുഴുവനും പ്രകാശിതമാക്കുന്ന ആ ശോഭയുടെ ചെറിയ ഒരംശം
മാത്രമാണു നാം നമ്മുടെ പഞ്ചഭൂതാവസ്ഥയിൽ അറിയുന്നതു്.
അപ്പോൾ നാമുക്കും അങ്ങനെ ഒരു ചെറിയ അംശമായിത്തോന്നാം. എന്നാൽ അഘിലാണ്ഡം മുഴുവനും
പ്രകാശമാനമാക്കുന്ന ആ “ജ്ഞാന”ത്തിന്‍റെ പൂർണ്ണതയാണു് ഇവ
മൂന്നും എന്ന സത്യം അറിയുമ്പോൾ, ‘അതും പൂർണ്ണമാണു്, ഇതും
പൂർണ്ണമാണു്, ആ പൂർണ്ണത്തിൽ നിന്നും ഈ പൂർണ്ണം എടുത്താലും
അവിടെയും ഇവിടെയും ആ പൂർണ്ണം തന്നെ അവശേഷിക്കുന്നു’ എന്നും
മനസ്സിലാക്കാം. ഒരുദീപത്തിൽ നിന്നും അനേകം ദീപങ്ങൾ ജ്വലിപ്പിച്ചാലും ആദ്യ
ദീപത്തിനു യാതൊരു കുറവും സഭവിക്കാതെയിരിക്കും പോലെ. അതെപ്പോഴും പൂർണ്ണമായിത്തന്നെ നില്ക്കുന്നു,
അതുപോലെ മറ്റുള്ളവയും.(2) അപ്പോൾ ത്രിപുടികൾ മൂന്നും തന്നെ ആ ആദിമഹസ്സു തന്നെയാണു്.
ഈ സത്യമാണു് ഗുരുദേവൻ ഇവിടെ പറയുന്നതു്.
അറിവിന്‍റെ കണികകളെ രശ്മികളായിക്കാണാം, രശ്മികളായ ആ അറിവിന്‍റെ ആകത്തുകയാണു് പരമാത്മാവു്; രശ്മിയുടെ കണികകൾ
ജീവാത്മാക്കളും. ചുരുക്കത്തിൽ ജീവാത്മാവും പരമാത്മാവും “ജ്ഞാനവും” “ജ്ഞേയവും”
എല്ലാം ഒന്നുതന്നെയെങ്കിലും ശുദ്ധമായ സ്വരൂപം (പൂർണ്ണജ്ഞാനം) ലഭിക്കുക ആനായാസമല്ല.
ആ അവസ്ഥയിലേക്കുള്ള പ്രായാണത്തിൽ നാം ഏകാന്തപാഥികരാണെന്നും ഓർക്കുക.
ഗുരുക്കന്മാരും ദർശനങ്ങളും എല്ലാം വഴികാട്ടികൾ മാത്രം ആണു്. യാത്ര ഒറ്റയ്ക്കു
ചെയ്യേണ്ടതും. അന്വഷണവും അന്വഷിക്കുന്നതും അന്വഷിക്കുന്ന നാമും ഒന്നുതന്നെ എന്ന
അനുഭൂതിയിലെത്തുക എന്നതാണു് ആവശ്യം. ആയതിനു് മൂന്നിനേയും വിലയിപ്പിച്ചു്, ആ അനുഭൂതി സ്വയം അനുഭവിക്കുക തന്നെ വേണം.
“ബ്രഹ്മത്തെ സാക്ഷാത്കരിക്കുന്നവൻ
പരമമായ ബ്രഹ്മത്തെ പ്രാപിക്കുന്നു. ബ്രഹ്മം സത്യവും ജ്ഞാനവും അനന്തവുമാകുന്നു.
ബുദ്ധിയിലുള്ള സുസൂക്ഷ്മമായ ആകാശത്തിൽ ബ്രഹ്മത്തെ സാക്ഷാത്കരിക്കുന്നവൻ സർവ്വജ്ഞമായ
ബ്രഹ്മസ്വരൂപത്തിൽ എല്ലാ ആഗ്രഹങ്ങളേയും ഒന്നിച്ചു് അനുഭവിക്കുന്നു.”(3) എന്നാൽ മറ്റാർക്കും
നമുക്കുവേണ്ടി ഇതുചെയ്യാനാവില്ല. അങ്ങനെ “അറിവും”, അറിഞ്ഞിടുന്ന “അർത്ഥവും”; ആ അറിവായ “പുമാനും” എല്ലാം ജീവാത്മാവായ നാം തന്നെ അനുഭവിച്ചറിഞ്ഞു് ആ
പരമാത്മാവിൽ അമർന്നു് അതു മാത്രം ആകണം.
പ്രാപ്യസ്ഥാനവും എല്ലാത്തിനേയും
നിലനിറുത്തുന്നവനും, സകലത്തിന്‍റെയും നിയന്താവും സാക്ഷിയും, എല്ലാത്തിന്‍റെയും ആസ്ഥാനവും, ആശ്രയവും, സുഹൃത്തും തുടക്കവും അടക്കവും ഉടുക്കവും,(4) എല്ലാം ആ പരമാത്മാവുതന്നെ.
എല്ലാം ഒരു വിശാലമായ മാലയെന്നപോലെ ആതിൽ കുടികൊള്ളുന്നു.(5) അതിനതീതമായി
യാതൊന്നും ഇല്ല.(6) ത്രിഗുണങ്ങളുള്ളതാണു് (സത്ത്വ-രജസ്സ്-തമോ ഗുണങ്ങളുള്ളതാണു്) സകലതും.
അവയെല്ലാം, ആ പരമാത്മാവിൽ നിന്നും വന്നിട്ടുള്ളവ തന്നെ.(7) എല്ലാത്തിന്‍റെയും ആദിയും മദ്ധ്യവും അന്തവും ആ
പരമാത്മാവു തന്നെയാണു്. ഈ ത്രിഗുണങ്ങളാണു് ഈ അഘിലാണ്ഡത്തെ നയിക്കുന്നതും
നിലനിറുത്തുന്നതും നശിപ്പിക്കുന്നതും.(9) എന്തെന്നാൽ ബുദ്ധി, വ്യാമോഹമില്ലായ്മ,
ക്ഷമ, സത്യം, ദമം,
ശമം, സുഖം, ദുഃഖം,
ഉത്പത്തി, നാശം, ഭയം,
അഹിംസ, സമഭാവന, സന്തുഷ്ടി,
തപസ്സ്, ദാനം, സദ്കീർത്തി,
ദുഷ്കീർത്തി, ഇങ്ങനെ ജീവജാലങ്ങളുടെ നാനാ വിധമായ
ഭാവങ്ങളും ആ പരമാത്മാവു് തന്നെയാണു്.(10)
നിത്യസത്യമായ പരമാത്മാവിൽ നിന്നും
ഉത്ഭൂതമായതാണു് ശുദ്ധമായ ഭൂതം. ആ
ഭൂത-തന്മാത്രകൾ പഞ്ചീകൃതമാകുന്നു. ഓരോ
ഭൂതങ്ങളും രണ്ടാവുകയും രണ്ടിലൊന്നു നാലാകുകയും
അതോടൊപ്പം അവയുടെ ശുദ്ധാവസ്ഥ നഷ്ടപ്പടുകയും ചെയ്യുന്നു. ഈ അശുദ്ധമായ
അരയ്ക്കാൽ ഭാഗങ്ങളിൽ ഓരോന്നും ശുദ്ധമായ പകുതിയും ചേർന്നാണു് ദ്രവ്യതന്മാത്രകൾ
ഉണ്ടാകുന്നതു്. മുഖ്യമായ ഭൂതത്തിന്‍റെ പേരിലായിരിക്കും അതറിയപ്പെടുക. ഈ തന്മാത്രകളുടെ കൂട്ടിച്ചേർത്തുള്ള നിർമ്മാണപ്രകൃയ ദ്രവ്യങ്ങളെ തമ്മിൽ കലർന്നു
സ്ഥിതിചെയ്യാൻ സഹായിക്കുന്നു.(11)
അങ്ങനെ നോക്കുമ്പോൾ പഞ്ചഭൂതങ്ങളാൽ
ഉണ്ടാക്കപ്പട്ടതെല്ലാം തന്നെ ആ പരമാത്മാവായ “ജലനിധിതന്നിൽ” ഉയരുന്ന “തരംഗാവലികൾ”
പോലെതന്നെയാണു്. അവ ഭേദം ഇല്ലാത്തതും
ആകുന്നു. ആയതിനാൽ, അഭേദമായ ഒരു ബന്ധം നാമെല്ലാം തമ്മിൽ ഉണ്ട്. മറ്റൊരു
വിധം പറഞ്ഞാൽ, വിഷയങ്ങളെ സംബദ്ധിക്കുന്ന അറിവും
ഇന്ദ്രീയങ്ങൾക്കും മനസ്സിനും വിഷയമായിരിക്കുന്ന ബോധവും ആ ശുദ്ധചൈതന്യമായ സത്യം
മാത്രം ആകുന്നു. അങ്ങനെയുള്ള സർവ്വവ്യാപിയും സർവ്വപ്രകാശവും സർവ്വത്തിന്‍റെയും ആദികാരണവും രൂപവും ആയ ആ മഹത്തായ അറിവിൽ നാം
വിലയം പ്രാപിച്ചു് അതായിത്തീരണം. (അതെ, നാം ‘തത്ത്വമസി’യിൽ പറയുന്ന ആ ‘തദ്’ ആയിത്തീരണം.) പ്രപഞ്ചം അനന്തമാണു്, അതു് സത്യവും ആനന്ദവും ജ്ഞാനവും ആയ
പരമാത്മാവു തന്നെയാണു്.(12) ഒരു കാലത്തും ആ പരമാത്മാവു്
ഇല്ലാതാകുന്നില്ല. അപ്പോൾ സത്യത്തിനും ജ്ഞാനത്തിനും ആനന്ദത്തിനും അഭാവം
ഉണ്ടാകുന്നില്ല. നാമും ആ അനന്തതയുടെ അംശമാണു്,
ആ അനന്തത തന്നെയാണു്. ആ അറിവു നമുക്കു് ഉണ്ടാകണം. അതുണ്ടാകുമ്പോൾ നാം അതായിത്തീരുക തന്നെ ചെയ്യും.
അപ്പോൾ ആനന്ദം മാത്രം. എല്ലാം ആ ഏകത്ത്വത്തിലെ നാനത്ത്വമായി മനസ്സില്‍
കരുതിവച്ചാല്‍ പിന്നെ ജാതിയെന്തു്? മതമെന്തു്? –
"ചാതുര്‍വര്‍ണ്ണ്യം മയാ സൃഷ്ടം ഗുണകര്‍മ്മവിഭാഗശഃ
തസ്യ കര്‍ത്താരമപി മാം വിദ്ധ്യകര്‍ത്താരമവ്യയം."
(13)
ഈ നാനത്ത്വത്തിൽ, നാമരൂപകർമ്മങ്ങളിൽപ്പെട്ടുഴലാതെ,
ആ നാനത്ത്വത്തിലെ ഏകത്ത്വത്തെ ഉള്‍ക്കൊണ്ടു മുന്നോട്ടു പോകുക.
ഗുരുദേവനും, ചട്ടമ്പിസ്വാമികളും, ശങ്കരാചാര്യരും,
വേദവ്യാസനും, പരാശരമുനിയും അതുപോലെയുള്ള മറ്റു
മുനിജനങ്ങളും കൂടെയുണ്ടാകും, അറിവുപകര്‍ന്നു തരാന്‍.
കരണവുമിന്ദ്രിയവും കളേബരം തൊ-
ട്ടറിയുമനേക ജഗത്തുമോർക്കിലെല്ലാം
പരവെളിതന്നിലുയർന്ന ഭാനുമാൻ തൻ
തിരുവുരുവാണു തിരഞ്ഞു തേറിടേണം.(14)
‘ജാതി, നീതി,
കുലം, ഗോത്രം മുതലായവ രഹിതവും; ദേശം, കാലം, വിഷയം
എന്നിവയ്ക്കതീതവുമായ ബ്രഹ്മമാണു നാം’ എന്ന് ഹൃദയത്തിൽ
ഭാവനചെയ്യൂ. വാക്കുകളെക്കൊണ്ടു വിവരിക്കാൻ കഴിയാത്തതും
വിമലമായ ബോധചക്ഷസ്സുകൊണ്ടുമാത്രം കാണാൻ കഴിയുന്നതും ശുദ്ധ ചിദ്ഘനവും അനാദിയുമായ ആ
ബ്രഹ്മം, അതാണു നാമെല്ലാം. ഈ ഭാവന നിരന്തരം ഹൃദയത്തിൽ നില
നിറുത്തുക.(15) അപ്പോൾ ലക്ഷ്യം പ്രാപ്പ്യമാകും.
ഉറവിടങ്ങൾ:
(1) ഭഗവദ്ഗീത 9 – 18, 19.
(2) ശാന്തി മന്ത്രം: “പൂർണ്ണമദഃ പൂർണ്ണമിദം പൂർണ്ണാത് പൂർണ്ണമുദച്യതേ പൂർണ്ണസ്യ
പൂർണ്ണമാദായ പൂർണ്ണമേവാവശിഷ്യതേ.”
(3) തൈത്തിരീയോപനിഷത്തു്, ബ്രഹ്മാനന്ദവല്ലി, അനുവാകം ഒന്നു്
(4) ഭഗവദ്ഗീത 9-18.
(5) ഭഗവദ്ഗീത 7-6.
(6) ഭഗവദ്ഗീത 7-6, 7-7.
(7) ഭഗവദ്ഗീത 7-12, 10-8.
(8) ഭഗവദ്ഗീത 10-20.
(9) ഭഗവദ്ഗീത 7-12, 13.
(10) ഭഗവദ്ഗീത 10 - 4, 5.
(11) വിവേകചൂഡാമണി 74, 88.
(12) ദൈവദശകം – 7.
(13) ഭഗവദ്ഗീത 4 – 13.
(14) ആത്മോപദേശശതകം 4.
(15) വിവേകചൂഡാമണി 254, 255.