ഉദയഭാനു പണിക്കർ
ആമുഖം:
പരക്കെ “ഹിന്ദുമതം,” “സനാതനധർമ്മം” തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്ന ഭാരതത്തിന്‍റെ ആത്മീയത
ഒരു “മതം” (Religion) അല്ല എന്നു് ഉറച്ചും ഞാൻ വിശ്വസിക്കുന്നു. (ഈ
ലേഖനം വായിച്ചു കഴിയുമ്പോൾ വായനക്കാർക്കും അതിന്റെ കാരണം വ്യക്തമാകും എന്നും
വിശ്വസിക്കുന്നു.) അതിനാൽ “ഹിന്ദുക്കളെ” സംബന്ധിച്ചിടത്തോളം “മതപരിവർത്തനം” (Religious Conversion) സാദ്ധ്യമല്ല. ഒരു മതത്തിൽ നിന്നും മറ്റൊന്നിലേക്കേ “പരിവർത്തനം”
സാദ്ധ്യമാകൂ. കൂടാതെ മതപ്രചാരകർ പ്രലോഭനങ്ങളിലൂടെയാണു് മനുഷ്യരെ തങ്ങളിലേക്കു് ആകർഷിക്കുക.
അപ്പോൾ ശരിക്കും നടക്കുന്നതു് ഒരു “മത ആഗിരണം” അഥവാ “മതാഗിരണം” ആണു്. ഇതിനെ
മതങ്ങളിലേക്കുള്ള “ആളുചേർക്കൽ”, ആയതിനാൽ മാനവ “മതസംഹരണം” എന്നോ
മാനവ “മതസമാഹരണം” എന്നോ പറയാം. എങ്കിലും വായനക്കാർക്കു മനസ്സിലാക്കാനുള്ള ആയാസം
കണക്കിലെടുത്തുകൊണ്ടു് “ഹിന്ദുമതം”, “മതപരിവർത്തനം” എന്ന
വാക്കുകളും ഈ ലേഖനത്തിൽ ഉപയോഗിച്ചിട്ടുണ്ട്. ഗുരുദേവനും പലപ്പോഴും ഈ വാക്കുകൾ
ഉപയോഗിച്ചതും ഇക്കാരണത്താലാണെന്നും ഞാൻ കരുതുന്നു. കൂടാതെ സ്വാമി വിവേകാനന്ദൻ,
സ്വാമി ചിന്മയാനന്ദൻ, നടരാജഗുരു തുടങ്ങിയവരും
പരബ്രഹ്മശാസ്ത്രം, ആത്മശാസ്ത്രം, പരമാത്മശാസ്ത്രം
തുടങ്ങിയ പേരുകളാണു് ഭാരതത്തിന്‍റെ
ആത്മീയതയെ വിശേഷിപ്പിച്ചിരുന്നതു്. അവരും “ഹിന്ദുമതം” എന്നുപയോഗിച്ചതു്
സാധാരണക്കാരനു മനസ്സിലാകാൻ വേണ്ടി മാത്രമായിരുന്നു എന്നും ആണു് മനസ്സിലാക്കാൻ
കഴിഞ്ഞതു്.
========
“ഗുരുദേവൻ
മതപരിവർത്തനത്തിനു് എതിരായിരുന്നുവോ?” ഒരു സുഹൃത്തു് ഇയ്യിടെ
ചോദിച്ചു. ചോദ്യം തിരും മുമ്പുതന്നെ ഞാൻ മറുപടികൊടുത്തു: “അതേ, തീർച്ചയായും എതിരായിരുന്നു.” ഈ ഒറ്റ വാചകം യഥാർത്ഥത്തിൽ കൊടുക്കേണ്ട മറുപടിയുടെ
അവസാന വാചകം മാത്രമാണു്. അതിന്‍റെ പൂർണ്ണരൂപം
ആണീലേഖനം.
“മതം” (Religion) വിശ്വാസങ്ങളിൽ അധിഷ്ടിതമാണു്. അവ
കാലദേശാടിസ്ഥാനത്തിൽ മാറിക്കൊണ്ടിരിക്കും. സനാതനമായ ധർമ്മം അടിസ്ഥാനശിലയാക്കിയ
ഭാരതത്തിന്‍റെ ആത്മീയശാസ്ത്രം
മാനവസമൂഹത്തിന്‍റെ സമസ്തപുരോഗതിയും ലക്ഷ്യമാക്കി ഋഷിവര്യന്മാർ കരുപ്പിടിപ്പിച്ചതാണു്.
ഭാരതസംസ്കാര പരമ്പരയിലെ സനാതന ധർമ്മത്തിൽ രൂപപ്പെട്ട ഈ “പരബ്രഹ്മശാസ്ത്രം” ഒരു “മതം”
(Religion) ആണെന്നു ഗുരുദേവൻ കരുതിയിരുന്നില്ല. സി.വി,
കുഞ്ഞുരാമനുമായുള്ള സംവാദങ്ങളിലൊന്നിൽ “ഹിന്ദുമതം എന്ന ഒരു മതമേ ഇല്ലല്ലോ.
ഹിന്ദുസ്ഥാനി വാസികളെ ഹിന്ദുക്കൾ എന്നു വിദേശിയർ പറഞ്ഞു.” എന്നു ഗുരുദേവൻ വളരെ
വ്യക്തമായി പറഞ്ഞിട്ടുണ്ടു്.(1) സിന്ധൂനദീതടത്തിലും അതിനുചുറ്റും അപ്പുറവും ഉള്ള ഭൂഭാഗത്തെ ഹിന്ദുസ്ഥാനം
എന്നും അവിടെയുള്ള ജനങ്ങളെ “ഹിന്ദുക്കൾ” എന്നും ആണു ഭാരതത്തിനു പടിഞ്ഞാറു
ഭാഗങ്ങളിലുള്ളവർ പറഞ്ഞിരുന്നതു്. അപ്പോൾ ഭാരതത്തിൽ വസിക്കുന്നവരെല്ലാം തന്നെ “ഹിന്ദുക്കൾ”
എന്ന പേരിനർഹരാണു്. എന്നാൽ വിദേശികളോടൊപ്പം എത്തിയ “മത”ങ്ങൾക്കും (Religions)
അവയിലേക്കു് “മതസമാഹരണ”ത്തിനു (ആളുചേർക്കാൻ) വന്നവർക്കും ഇവിടെ “മത”ങ്ങൾ
ഉണ്ടെന്നു സ്ഥാപിച്ചെടുക്കേണ്ടതു് ഒരാവശ്യം ആയിരുന്നു.
കൂടാതെ ബ്രിട്ടീഷ്
ഭരണത്തിന്‍റെ
തുടക്കത്തിൽ, ചിലവുകുറഞ്ഞ ഭരണ നിർവ്വഹണം ആവശ്യമായി. അതോടൊപ്പം
തന്നെ ജനസംഖ്യയിൽ വളരെ കുറവായിരുന്ന ബ്രിട്ടീഷ് ഭരണാധികാരികൾക്കു് ഭാരതജനതയെ നീയന്ത്രിക്കാനും
പദ്ധതികൾ ആവശ്യമായിരുന്നു. അതിനായി ഭാരതീയസംസ്കാരത്തിന്‍റെയും ഭാഷകളുടെയും
പഠനം ആവശ്യമായി. ബ്രിട്ടീഷ്കാരുടെ ഭാരതത്തെപ്പറ്റിയുള്ള അറിവിന്‍റെ പരിമിതികൾ
കാരണം സാംസ്ക്കാരികപഠനങ്ങൾ പൂർണ്ണമോ ശുദ്ധമേ ആയിരുന്നില്ല. നമ്മുടെ സംസ്കാരത്തെ തെറ്റായി
മനസ്സിലാക്കാനും വ്യാഖ്യാനിക്കാനും തുടർന്നു പ്രചരിപ്പിക്കാനും ഇതു കാരണമായി. അതിനുപരി
ഭാരതത്തെ ക്രൈസ്തവീകരിക്കുക എന്നതും അവരുടെ ഒരു പ്രധാന ലക്ഷ്യമായിരുന്നു. അപ്പോൾ
അതിനുതകും വിധം നമ്മുടെ സംസ്ക്കാരത്തെ പ്രതിഭലിപ്പിക്കേണ്ടതു് ആവശ്യവും ആയിരിന്നു.
ഇതിനായി, ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ജനങ്ങളെ പല സമുദായങ്ങളായും
സമൂഹങ്ങളായും തിരിക്കുന്നതായിരിക്കും അഭികാമ്മ്യം എന്നു് മനസ്സിലാക്കി. അതോടൊപ്പം
നമ്മുടെ ഭാഷാപരവും സാസ്ക്കാരീകവും ആയ പലതും അവർ പാച്ഛാത്യ സംസ്കാരത്തിന്‍റെ
വെളിച്ചത്തിൽ പുനർനിർവ്വചനത്തോടെ അവതരിപ്പിച്ചു.(2) അക്കാലത്തു് ഇതിനായി നിർമ്മിക്കപ്പെട്ട
വ്യാകരണഗ്രന്ധങ്ങൾ നിഘണ്ഡുക്കൾ, പാഠാവലികൾ, ഭാഷാന്തരം നടത്തിയ ഭാരതീയ ഗ്രന്ധങ്ങൾ, അവർ തന്നെ
എഴുതിയ ഭാരതത്തെ സംബന്ധിക്കുന്ന ഗ്രന്ധങ്ങൾ ഇവയെല്ലാം ഇങ്ങനെ നിർമ്മിക്കപ്പെട്ടവയാണു്.
അർത്ഥസത്യങ്ങളാലും, അസത്യങ്ങളാലും, തെറ്റുകളും
അപൂർണ്ണങ്ങളുമായ ഭാഷാന്തരങ്ങളാലും മലിനപ്പെട്ട ആ ഗ്രന്ധങ്ങൾ ഉപയോഗിച്ചാണു്
ഭാരതത്തിലെ ജനത വിദ്യാഭ്യാസം ചെയ്തതു്. ഇന്നും അതു തന്നെ തുടരുന്നു എന്നതാണു്
പരിതാപകരം.
ഭാരതത്തിന്‍റെ
“ആത്മീയ ശാസ്ത്രം” “മത”ങ്ങളെപ്പോലെ (Religions),
ഏകമാനുഷ്യനിർമ്മിതമല്ല. പല ദർശനനങ്ങളാൽ സമ്പുഷ്ടമാക്കപ്പെട്ട ആ ആത്മീയശാസ്ത്രത്തെ, അവരുടെ ആവശ്യനിർവ്വഹണത്തിനുള്ള എളുപ്പവഴിയായി അവർ മതങ്ങളാക്കി ഖണ്ഡിച്ചു.
ഒരുവ്യക്തിയുടെ ശാസനങ്ങളിൽ മാത്രം അധിഷ്ടിതമായ അവരുടെ മതങ്ങൾക്കു സമാനമായി,
നമ്മുടെ ദർശനങ്ങളും ഇഷ്ടദേവതകളും വിഘടിക്കപ്പെട്ടു. അങ്ങനെ ബുദ്ധമതം,
ജൈനമതം, ശൈവമതം, വൈസ്ണവമതം,
സാഖ്യമതം, ദ്വൈതമതം, അദ്വൈതമതം,
ശാക്തേയമതം തുടങ്ങിയ പലേ മതങ്ങൾ സൃഷ്ടിക്കപ്പെട്ടു. ബാക്കിവന്നതിനെ
“ഹിന്ദുമത”മായി (Hindu Religion ആയി) അവശേഷിപ്പിച്ചു.
അപ്പോൾ മാനവ “മതസമാഹരണം”, “മതംമാറ്റലും” ആയി. ഈ വിഘടനം നമ്മുടെ പൂർവ്വികരെ കബളിപ്പിച്ച് അവരുടെ ലക്ഷ്യത്തിലേക്കുള്ള
പ്രായാണം ആയാസം കുറഞ്ഞതും ആക്കി. അക്കൂട്ടത്തിൽ നമ്മുടെ തൊഴിൽ
അടിസ്ഥാനത്തിലുണ്ടായിരുന്ന സാമൂഹ്യവിഭജനമായിരുന്ന ജാതിയെ ആത്മീയവുമാക്കി. ഇങ്ങനെ
എഴുതിയതിൽ നിന്നും ഭാരതത്തിൽ സാമൂഹ്യസ്ഥിതിഗതികൾ കുറ്റമറ്റതായിരുന്നു എന്നല്ല
സൂചിപ്പിക്കുന്നതു്. നമ്മുടേതായ പലേ പ്രശ്നങ്ങളും നേരത്തേതന്നെ ഉണ്ടായിരിന്നു.
ഇവിടെ ചർച്ചാവിഷയം അതല്ലാത്തതിനാൽ അതിലേക്കുകടക്കുന്നില്ല.
ഗുരുദേവന്‍റെ അഭിപ്രായത്തിൽ
മനുഷ്യന്‍റെ ജീവിതത്തിൽ ആഭ്യന്തരവും
ബാഹ്യവുമായ രണ്ടു ഘടകങ്ങൾ ഉണ്ടു്. ബാഹ്യഘടകത്തിനാണു മാറ്റം എങ്കിൽ അതു സമുദായപരമായ
മാറ്റം മാത്രമാണു്. ആന്തരീകമായ മാറ്റം മാത്രമേ ശരിക്കും ആത്മീയമായ മാറ്റമാകൂ. ആ
മാറ്റം ഒരു പുരോഗതി ആകണമെങ്കിൽ,
അതു് ശരിയായ വിജ്ഞാനവർദ്ധനവിൽ കൂടിമാത്രമേ കൈവരിക്കാൻ പറ്റുകയുള്ളു.(3) അപ്പോൾ “മത”ങ്ങളെ (Religions)
പഠിക്കാതെയുള്ള “മതസ്വീകരണം”
ശരിയല്ല. ഇക്കാരണത്താലാണു് “സമബുദ്ധിയോടും സമഭക്തിയോടും കൂടി
എല്ലാ മതങ്ങളേയും (ഇവിടെ “ഹിന്ദുമതവും” ഉൾപ്പെടും) എല്ലാവരും പഠിച്ചറിയുവാനും, ലഭിച്ച അറിവിനെ പരസ്പരം സ്നേഹപൂർവ്വം വിനിമയം ചെയ്യാനും” ഗുരുദേവൻ ആഹ്വാനം
ചെയ്തതു്. മത-മദ മത്സരം മാത്രമല്ല “മതപരിവർത്തനോത്സാഹവും അപ്പോൾ അസ്തമിക്കും”
എന്നും ഗുരുദേവൻ അരുളിച്ചെയ്തു.(4) കണ്ണൂരിലും നെയ്യാറ്റിൻകരയിലും,
വെറും
സാമൂഹ്യമായ ലാഭത്തിനായി ക്രിസ്തുമതം സ്വീകരിച്ചവരെ തിരിച്ചു കൊണ്ടു വന്നതു് ഇതിനുള്ള
ഉദാഹരണങ്ങളാണു്.(5)
ഭാരതത്തിന്‍റെ ആത്മീയശാസ്ത്രത്തിൽ
വിശ്വാസങ്ങൾക്കല്ല, മറിച്ചു് ആത്മീയ ശാസ്ത്രസത്യങ്ങളെ മനനം ചെയ്തു,
‘അറിഞ്ഞു-പഠിച്ചു-മനസ്സിലാക്കി’, ‘ആ ജ്ഞാനത്തെ
വിചാരം ചെയ്തു്, ചീത്തയായ കർമ്മങ്ങളെ തിരസ്കരിച്ചും, നല്ലതിനെ കർമ്മപദ്ധതികളിൽ ഉൾപ്പെടുത്തിയും ജീവിക്കുക’ എന്നതിനാണു് പ്രാധാന്യം. ആ വഴിയിൽക്കൂടി പോയാൽ മാത്രമേ പ്രയോജനമുള്ളൂ.
അങ്ങനെ ചെയ്തില്ലാ എങ്കിൽ, ആ മാറ്റം ആത്മീയമായ
ഒരു പുരോഗതിയിലേക്ക് നമ്മേ നയിക്കില്ല. അതുകൊണ്ടു്, ആദ്യം തന്നെ ഇന്നു “ഹിന്ദുമതം” എന്നു വിളിക്കപ്പെടുന്ന നമ്മുടെ പൈതൃകമായ “പരബ്രഹ്മശാസ്ത്രം”
നാം ശരിയായി മനസ്സിലാക്കണം. കാരണം ആ പൈതൃകം നമ്മുടെ തന്നെ ഒരു
അഭിഭാജ്യഘടകം, അഥവാ നമ്മുടെ വ്യക്തിത്ത്വം തന്നെയാണു്. അതില്ലാതായാൽ
നാം നാമല്ലാതെയാകും. അതു പഠിക്കേണ്ടതു് ഏതൊരുവ്യക്തിയുടേയും പ്രാധമിക
കർമ്മം എന്നതിലും ഉപരിയായി, ധർമ്മം തന്നെയാണു്. അപ്പോൾ അതുപഠിക്കായ്ക അധാർമ്മികവും. അതു പഠിക്കാതെ മറ്റൊന്നു പഠിക്കുക അതിലും
വലിയ അധാർമ്മികതയാണു്.
ഗുരുദേവന്‍റെ
ശിഷ്യനും ഏറ്റവും അടുത്ത സഹപ്രവർത്തകനും, ഗുരുദേവദർശനങ്ങളെ തന്‍റെ ജീവരക്തവും
ശക്തിയും ആക്കിയിരുന്ന മഹാകവി കുമാരനാശാന്‍റെ അഭിപ്രായം
“ഗുരുദേവൻ സ്വയം ഒരിക്കലും ഒരു (മത)പരിവർത്തനത്തിനു
തയ്യാറാകില്ല എന്നായിരുന്നു.”(6) അങ്ങനെ സ്വയം മാറാൻ
തയ്യാറല്ലാത്തഗുരുദേവൻ അതിനെ ഒരിക്കലും അനുകൂലിക്കില്ല.
ഗുരുദേവന്‍റെ “ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യനു്” എന്ന
ആപ്തവാക്യത്തെ അതിന്‍റെ ശരിയായ
വ്യപ്തിയിലും അർത്ഥത്തിലും മനസ്സിലാക്കാതെ വരുമ്പോൾ എല്ലാ മതങ്ങളും ഒന്നാണെന്നു് ഗുരുദേവൻ
പറഞ്ഞു എന്നൊരു ധാരണ ഉണ്ടാകും. ആ ധാരണയാണു്
99% ശ്രീനാരായണീയരേയും ഒരു “മതം” (Religion)
സ്വീകരിക്കുന്നതിലേക്കു നയിക്കുന്നതും. സ്വന്തം
ആത്മീയത മനസ്സിലാക്കതെ ഇരിക്കുന്നതും, അതു മനസ്സിലാക്കും മുമ്പു്
“മതങ്ങൾ” പഠിക്കാൻ പോകുന്നതും ഇങ്ങനെയുള്ള “മത” (Religion) സ്വീകരണത്തിനു് കൂടുതൽ പ്രചോദനം
നല്കുന്നു. ഇതു തന്നെയാണു് മനുഷ്യനെ “സെക്യുലരിസ്റ്റു”കളാക്കുന്നതും.
ഗുരുദേവൻ
പഠിപ്പിച്ചതുമാത്രം “മാതാതീത ആത്മീയത” ആണെന്നു പ്രചരിപ്പിക്കുന്ന ധാരാളം
വ്യക്തികളെക്കാണാം, ഇതെന്തോ ഒരു പുതിയ കണ്ടുപിടുത്തം എന്ന രീതിയിൽ.
വാസ്ഥവത്തിൽ ആദിയിൽ ഈ “മതാതീത ആത്മീയത”യേ ഉണ്ടായിരിന്നുള്ളൂ. ഇന്നും ഭാരതത്തിന്‍റെ “ആത്മീയശാസ്ത്രം”
അതുതന്നെയാണു്. അതുതന്നെയാണു് ഗുരുദേവൻ നമ്മേ പഠിപ്പിച്ചതും. ഗുരുദേവനടക്കമുള്ള
ഭാരത ഋഷിവര്യന്മാർ, അവരുടെ
ആത്മീയ ചേതസ്സിനാൽ അനുഭവിച്ചറിഞ്ഞ ആ വിജ്ഞാനസത്യം നമുക്കായി പറഞ്ഞും എഴുതിയും നല്കിയതാണതു്.
“സഹസ്രാബ്ദങ്ങൾക്കു് മുമ്പു് നമ്മുടെ രാജ്യത്തു് മഹർഷിമാർ ജീവിച്ചിരുന്നു. അവരുടെ വചനാമൃതം
ഗംഗാനദിപോലെ പൗരാണിക കാലത്തിന്‍റെ ശൃംഗത്തിൽ
നിന്നും വർത്തമാനകാലത്തേക്കു് നിരന്തരമായി ഒഴുകിവരുന്നുണ്ട്. ഇതു് നമ്മുടെ കാലത്തു
നമ്മിലേക്കു് വന്നിട്ടുള്ളതു് ശ്രീനാരായണഗുരുവിന്‍റെ വാക്സുധയായിട്ടാണു്.”(7)
ഗുരുദേവനുമുമ്പു വന്ന ഋഷിമാർ പഠിപ്പിച്ചതു് “ഹിന്ദുമത”മാണു് (Hindu Religions) എന്നു ചിലർ സമർദ്ധിക്കാൻ
ശ്രമിച്ചു കാണുന്നു. എന്നാൽ ഇക്കൂട്ടർ പറയുകയും
ചൂണ്ടിക്കാട്ടുകയും ചെയ്യുന്ന “ഹിന്ദു മതം” അവർ പഠിപ്പിച്ച ആത്മീയശാസ്ത്രത്തെ അല്ല, മറിച്ച് അതിനെ
ശരിയായ രീതിയിൽ മനസ്സിലാക്കതെ, അല്ലെങ്കിൽ മനസ്സിലാക്കിയിട്ടും
സ്വകാര്യലാഭത്തിനായി അതിനെ ദുഃരുപയോഗം ചെയ്തു മലീമസമാക്കിയ അരോചകമായ ചില പ്രവണതകളേയാണു്.
“ഹിന്ദുമത”മായി ഇവർ കണക്കാക്കുന്നതും
ചൂണ്ടിക്കാട്ടുന്നതും. ആ മലീമസതയെ ദൂരീകരിക്കാനാണു്, ഗുരുദേവൻ
ഭാരതത്തിന്‍റെ ശരിയായ
ആത്മീയശാസ്ത്ര തത്വങ്ങളെ എല്ലാവർക്കും വേണ്ടി പുനഃർവിചിന്തനം ചെയ്തഉ് ജനങ്ങളുടെ മനസ്സിൽ
പുനഃപ്രതിഷ്ടിക്കാൻ യത്നിച്ചതു്.
നമ്മുടെ അത്മീയതത്വങ്ങളെ ഉൾക്കൊള്ളാത്തവരാണു് ഭാരതീയരിൽ
ബഹുഭൂരിപക്ഷവും. അപ്പോൾ അവരെ ആ വഴിയിലേക്കു കൊണ്ടു വരേണ്ടതു് ഗുരുക്കന്മാരുടെ
കടമയാണു്. അതാണ് ഗുരുദേവൻ,
എല്ലാ മതങ്ങളും (“ഹിന്ദുമതം” ഉൾപ്പെടെ) പഠിക്കണം, എന്നുപറഞ്ഞതിന്‍റെ കാരണം. അതുകൊണ്ടുതന്നെയാണു്
ഗുരുദേവൻ നമ്മുടെ ആത്മീയശാസ്ത്രത്തെപ്പറ്റി ധാരാളം എഴുതിയതും മതങ്ങളെപ്പറ്റി എഴുതാതെ
ഇരുന്നതും. ആത്മീയതയുടെ ഓരോ ഘട്ടങ്ങളും മനസ്സിലാക്കും വിധത്തിലുള്ള ക്ഷേത്രപ്രതിഷ്ടകൾ
നടത്തിയതും, അതിന്‍റെ
ഉച്ചകോടിയിലെ ഔന്നത്യമാർന്ന കർമ്മം ആയിരുന്നു ആ ഓങ്കാരവും കണ്ണാടിയും
ചേർന്ന പ്രതിഷ്ട നടത്തിയതും.(8) അതിനു ശേഷം, ഇനി വിജ്ഞാനകേന്ദ്രങ്ങൾ ആണാവശ്യം എന്നും ക്ഷേത്രങ്ങൾ
വിജ്ഞാനകേന്ദ്രങ്ങളാകണമെന്നും പറഞ്ഞതും അതേകാരണം കൊണ്ടുതന്നെ ആയിരുന്നു.
ഈ കൃത്യങ്ങളിലൂടെ ഗുരുദേവൻ കാട്ടിത്തന്നതു് മാനവ സമൂദായത്തിനു്
ഉണ്ടാകേണ്ട അത്മീയമായ പടിപടിയായ, ഉന്നമനമാണു്. എന്നാൽ അതിന്‍റെ
പൊരുൾ മനസ്സിലാക്കാതെ, ‘ഇനി ക്ഷേത്രങ്ങൾ
വേണ്ടാ’ എന്നാണു ഗുരുദേവൻ അർത്ഥമാക്കുന്നതെന്നു പലരും വ്യാഖ്യാനിവച്ചു.
പ്രത്യേകിച്ചും സ്വന്തം സംസ്കൃതിയെ മാനിക്കാത്ത നിരീശ്വരവാദികളും യുക്തിവാദികളും.
അവർ ഗുരുദേവനെയും യുക്തിവാദിയും നിരീശ്വരവാദിയും ആക്കുവാൻ ശ്രമിച്ചു,
ഇന്നും ശ്രമിച്ചുകൊണ്ടേ ഇരിക്കുന്നു. എന്നാൽ കൊല്ലവർഷം 1103 ധനുമാസം
19നു് (1928 ജാനുവരി 5നു്), “ക്ഷേത്രങ്ങൾ ആവശ്യമില്ലാ” എന്നു
പറഞ്ഞ ഒരു മാദ്ധമ പ്രവർത്തകനോടു്, “ആവശ്യമില്ലാ എന്നെങ്ങനെ
പറയാം? ക്ഷേത്രങ്ങൾ ആവശ്യമാണു്”; എന്നു
ഗുരുദേവൻ വളരെ വ്യക്തമായിത്തന്നെ പറഞ്ഞിട്ടുണ്ടു്.(9)
അത്മീയമായ പുരോഗതി മോക്ഷപ്രാപ്തിവരെ എല്ലാവർക്കും
ആവശ്യമാണു്. അതു് വ്യക്തിഗതമായ പുരോഗതിയാണതു്. അപ്പോൾ ചിലർക്കു് ക്ഷേത്രങ്ങൾ ആവശ്യം ഇല്ലാതായാലും
മറ്റു ചിലർക്കാവശ്യമായിരിക്കും. ഇന്നു ക്ഷേത്രങ്ങൾ
വേണ്ടവർക്കു ഭാവിയിൽ വേണ്ടിവന്നില്ലാ എന്നിരിക്കാം. മറിച്ചും വരാം. ആയതിനാൽ ക്ഷേത്രങ്ങളുടെ
നിർമ്മാണം നിറുത്തിവയ്ക്കാനാവില്ല. എല്ലാവരും ഒരുപോലെ ആത്മീയ
ഔന്നത്ത്യം ഉള്ളവരാകുക അസംഭവ്യമാണു്,
പ്രത്യേകിച്ചും
ഒരേ സമയം.
മനുഷ്യനുണ്ടാകേണ്ട
ആത്മീയ പുരോഗതിയെ മനസ്സിലാക്കിക്കാൻ ഗുരുദേവൻ ചെയ്ത പ്രവർത്തിയുടെ പൊരുളറിയാൻ സാധിക്കാതെ
പോയവർ കരുതിയതു്, ഗുരുദേവൻ ക്ഷേത്രങ്ങൾക്കെതിരായി മാറി എന്നാണു്.
ആത്മീയതയുടെ ആദ്യപടികളിൽ നില്ക്കുന്നവർക്കു് ധ്യാനവും ജ്ഞാനവും അല്ല
അവശ്യം. അവർക്ക് അന്ധമായ ഭക്തിതന്നെ ആവശ്യമാണു്. ഇവയെല്ലാം തന്നെ ശുദ്ധകർമ്മങ്ങളിലേക്കു നയിക്കും. അവരവരുടെ ആത്മീയ പുരോഗതക്കനുസരിച്ചുള്ള
മാറ്റങ്ങളും അവരവരുടെ വ്യക്തിത്ത്വങ്ങളിൽ വന്നു
കൊണ്ടിരിക്കും. ആ മാറ്റങ്ങളിൽ അവരെ സഹായിക്കുക എന്നതാണു ഗുരുക്കന്മാരുടെ
കടമ. എല്ലാവരേയും ഒരേ അളവുകോൽ ഉപയോഗിച്ചളക്കുക
ശരിയല്ല. ആത്മീയതയുടെ പടികൾ കയറാൻ തുടങ്ങിക്കഴിഞ്ഞ ഒരു വ്യക്തിയും
അമ്പലത്തിൽ പോകരുതെന്നു പറയുകയില്ല, ഗുരുദേവൻ ഒരിക്കലും അങ്ങനെ പറഞ്ഞിട്ടും
ഇല്ല.
നമ്മുടെ പൈതൃകത്തെ മനസ്സിലാക്കാതെ ഒരു മതത്തിലേക്കു
പോകുന്നതിനെ ഒരു ആത്മഹത്യയായി മാത്രമേ കാണാൻ സാധിക്കൂ. കാരണം അത്യുന്നതമായതിനെ ത്യജിച്ചിട്ട് ഹീനമായതിനെ സ്വീകരിക്കലാണതു്.
ഭാരതീയർ അഥവാ “ഹിന്ദുക്കൾ” ഏതെങ്കിലും ഒരു “മതം” (Religion) സ്വീകരിക്കുന്നതിൽ
യാതൊരു സാധൂകരണവും ഇല്ല. കാരണം “മത”വുമായുള്ള (Religion), ഗാഢമായ
ബന്ധം മനുഷ്യനെ തെറ്റായവഴിയിലേക്കു നയിക്കും.
ഇന്നു ലോകം നേരിടുന്ന സംഘർഷം മുഴുവനും തന്നെ,
“മത”ത്താൽ (Religion) ഉടലെടുത്ത “മദ”ത്താൽ ഉണ്ടായതാണു്.
“മത”ങ്ങൾക്കെല്ലാം
(Religions) ഉന്നതമായതും “മത”ങ്ങൾ (Religions) ജന്മമെടുക്കും മുമ്പുതന്നെ ഉണ്ടായിരുന്നതുമാണു്
ആത്മീയശാസ്ത്രം. അതു “മതാതീതം” എന്നതിലും ശരി, “മതം” (Religion)
അതിൽ ഭാഗീക ഘടകങ്ങളായി അന്തർലീനമാണു് എന്നതാണു്. അങ്ങനെയല്ലാതാക്കൻ
ശ്രമിക്കുന്നതാണു് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതു്. എല്ലാ “മത”ങ്ങളും (Religions)
പഠിക്കയും അതിൽ നിന്നും ലഭിക്കുന്ന അറിവും, നമ്മുടെ
ആത്മീയശാസ്ത്രവും ചേർത്തു് മനസ്സിലാക്കിയാൽ “മത”ത്തിന്‍റെ (Religion) പേരിലും “മതം” ഇല്ലാത്തതിന്റെ പേരിലും ആരും ആരേയും വെറുക്കില്ല. ആരേയും
പ്രത്യേകമായി സ്നേഹിക്കുകയും ഇല്ല. ആ അറിവാണു് ഗുരുദേവൻ പറഞ്ഞ “ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യനു്” എന്ന “മതം”
(അഭിപ്രായം). അപ്പോൾ “എല്ലാവരും ആത്മസഹോദരരല്ലോ” എന്ന “അഘിലാണ്ഡസത്യം”
മനസ്സിലാകും.
ഒരു “മത”വും (Religion),
പരമസത്യബോധം ഉണ്ടാക്കില്ല. അതിലേക്കുള്ള ചവിട്ടുപടികൾ
ആയേക്കാം. ഇക്കാരണത്താലാണു് ആത്മീയ പുരോഗതിക്കുള്ള “സൂക്ഷ്മാന്വഷണത്തെ
സഹായിക്കുന്ന മാർഗദർശികൾ മാത്രമാണു മതങ്ങൾ (Religions)” എന്നു
ഗുരുദേവൻ പറഞ്ഞതു്.(10)
എന്നാൽ
ആ മാർഗ്ഗം, മനസ്സിലാക്കാൻ കഴിയാത്തവർ അതാതു “മത”ങ്ങളുടെ (Religions)
സങ്കുചിതമായ നീയമാവലികൾക്കുള്ളിൽ
- അതായതു ഏതെങ്കിലും ഒരു പടിയിൽ തളച്ചിടപ്പെടും. ആ തളച്ചിടൽ
ഇല്ലാത്തതായി, “പരബ്രഹ്മശാസ്ത്രം” ഒന്നുമാത്രമാണുള്ളതു്. ‘മാനവസമുദായത്തെ ഒന്നടങ്കം’ പുരോഗതിയിലേക്കു നയിക്കാനുതകുന്നതും
ഇതു മാത്രം ആണു്. ആതിനാലാണു് “സൂക്ഷ്മം അറിഞ്ഞവനു മതം (Religion) പ്രമാണമല്ല” എന്നു് തുടർന്നു് ഗുരുദേവൻ സി. വി. കുഞ്ഞുരാമനോടു പറഞ്ഞതു്.(11) (ഇതുതന്നെയാണു്
“മത”വും (Religion) ആത്മീയതയും തമ്മിലുള്ള പ്രധാന
വ്യത്യാസവും.) ആ “മാനവസമൂഹസമ്പൂർണ്ണ” പുരോഗതി ലക്ഷ്യമായതിനാലാണു്
ഗുരുദേവനടക്കമുള്ള ഭാരതീയ ഋഷിവര്യന്മാർ മതങ്ങളിലേപ്പോലെ ഇങ്ങോട്ടു് “ആളുചേർക്കൽ” നടത്താതിരുന്നതു്.
മുകളിൽ
പറഞ്ഞ സംവാദത്തിൽ തന്നെ, “ഒന്നിനേയും ഇതുമാത്രം ശരിയെന്നു
പ്രമാണമാക്കേണ്ടാ, എല്ലാറ്റിനേയും ശരിയായ ആത്മീയജ്ഞാനം
ഏതെന്നുള്ള അന്വഷണത്തിനു് ഉപകരണമാക്കാം” എന്നും ഗുരുദേവൻ സി.വി. കുഞ്ഞുരാമനോടു
പറയുന്നുണ്ടു്.(12) അങ്ങനെ ആത്മീയജ്ഞാനം നേടിക്കഴിഞ്ഞാൽ, അവർ മതത്തിലുള്ളവർ എങ്കിൽ അതുവിടും. മതത്തില്ലാത്തവരെങ്കിൽ അവർ ഒരു മതം
സ്വീകരിക്കയും ഇല്ല എന്നാണു് ഗുരുദേവൻ ഇവിടെ പരോക്ഷമായി കാട്ടിത്തരുന്നതു്. ജ്ഞാനസമ്പാദനത്തിലൂടെ
ചിന്താശക്തിയെ ഉത്തേജിപ്പിച്ചു് “മാനവസമൂഹസമ്പൂർണ്ണ” പുരോഗതിക്കായി,
ധർമ്മത്തെ നിലനിറുത്തി അധർമ്മത്തെ ഇല്ലാതാക്കുകയാണു് വേണ്ടതെന്നുംഗുരുദേവൻ
ഉദ്ഘോഷിക്കുന്നു. അതിനാണു് എല്ലാ “മത”ങ്ങളും
പഠിക്കാനും നല്ലതിനെ സ്വീകരിക്കാനും ഗുരുദേവൻ ഉപദേശിച്ചതു്. എല്ലാമതങ്ങളും
പഠിക്കുമ്പോൾ മാത്രമേ “മത”ങ്ങളിലെ മാർഗ്ഗങ്ങൾ പൂർണ്ണമല്ലെന്നും, പൂർണ്ണമാക്കാൻ മറ്റും പലതും തേടണം എന്നും മനസ്സിലാകൂ. ഇക്കാരണത്താലാണു
ഗുരുദേവൻ “ഇതിൽ ഏതെങ്കിലും ഒരു പടിയിലേക്കു പ്രവേശിച്ചവനു് അടുത്തപടിയിലേക്കു്
താല്പര്യം ഉണ്ടാകാതെ ഇരിക്കുമോ” എന്നു സി.വി.കുഞ്ഞുരാമനോടു ചോദിച്ചതും.(13) അങ്ങനെ താൽപ്പര്യം ഉണ്ടായാലും, ഭൂരിപക്ഷം ജനങ്ങളും ആ
ഒരു പടിയിൽ തന്നെ നിന്നുപോകുകയാണു് പതിവു്. ശരിക്കും “മത”ങ്ങൾ (Religions) ജനങ്ങളെ അവിടവിടെത്തന്നെ നിറുത്തുകയാണു് ചെയ്യുന്നതു്. അങ്ങനെ നിറുത്തപ്പെടുന്നവർക്കു്
അടുത്ത പടിയിലേക്കുള്ള വഴികാട്ടിയാണു് ഗുരുദേവകൃതികൾ, അവയും ഭാരതത്തിന്‍റെ പരബ്രഹ്മശാസ്ത്രത്തിലെ
ഉപനിഷത്തുക്കൾ തന്നെയാണു്.
“മത”ങ്ങളെല്ലാം (Religions)
തന്നെ സ്വന്തം നീയമങ്ങൾക്കുള്ളിൽ നിന്നുകൊണ്ട് അതിലെ അംഗങ്ങളുടെ മാത്രം
ഉന്നതിയെ ലക്ഷ്യമാക്കി കർമ്മനിരതരാകുവാൻ
ആവശ്യപ്പെടുന്ന
ഒരു സങ്കുചിതമായ
ഭരണനിർവാഹണ സംവിധാനം
ആണു്. ഇടയ്ക്കിടെ “ലോകനന്മ” ആണു് ലക്ഷ്യം എന്നുപറയാറുണ്ടെന്നു
മാത്രം. ആ ലോകം അവരവരുടെ തത്വങ്ങളിൽ വിശ്വസിക്കുന്നവരിൽ മാത്രം ഒതുങ്ങുന്നു എന്നതാണു്
സത്യം. ശരിയയ ആത്മീയശാസ്ത്രം മനസ്സിലാക്കിയാൽ ആ കുറവു മാറിക്കിട്ടും. ഈ “മത”ങ്ങൾ (Religions) അവയ്ക്കു വെളിയിലുള്ളവരെ സഹായിക്കുന്നു
എങ്കിൽ, അതു് ആളുകളെ ആകർഷിച്ചു് അകത്താക്കി, അവരുടെ അംഗസഖ്യ വർദ്ധിപ്പിക്കുവാൻ വേണ്ടി മാത്രമാണു്. സംഖ്യാവർദ്ധനവോ അധികാരത്തിലേക്കുള്ള അവരുടെ പ്രായണത്തിന്‍റെ പടികൾ മാത്രവും. യുക്തിവാദപ്രസ്ഥാനങ്ങളും രാഷ്ട്രീയ സഘടനകളും എല്ലാം ഇത്തരത്തിൽ ഉള്ള ഒരുതരം
“മത”ങ്ങൾ (Religions) മാത്രമാണു്.
കൊല്ലവർഷം 1102 മേടമാസം 26നു് (1927ൽ) എസ്സ് എൻ
ഡി പി യോഗത്തനു നല്കിയ സന്ദേശത്തിൽ ഗുരുദേവൻ ഇങ്ങനെ എഴുതുകയുണ്ടായി:
“മതപരിഷ്ക്കാരം, ഇന്നുള്ള ഏതെങ്കിലും ഒരു മതസംഘത്തെ ഉപേക്ഷിച്ചു്
മറ്റൊരു മതസംഘത്തിൽ ചേരുന്ന ശ്രമം മാത്രമായി കലാശിക്കരുതു്. ..... മതം വിശ്വാസ
സ്വാതന്ത്ര്യത്തെ അനുവദിക്കുന്നതും സംസ്കൃത ബുദ്ധികൾക്കെല്ലാം സ്വീകാര്യവും
മനുഷ്യരെ ഒരു ഉത്തമമായ ആദർശത്തിലേക്കു് നയിക്കുന്നതും ആയിരിക്കണം. ‘ഒരു ജാതി, ഒരു മതം, ഒരു ദൈവം
മനുഷ്യനു്’ എന്നുള്ള ‘സനാതനധർമ്മം’ അങ്ങനെയുള്ള ഒരു ‘മതം’
ആകുന്നു. ഈ ‘സനാതനധർമ്മ’ത്തിൽ
വിശ്വസിക്കുന്നവരെയെല്ലാം ഒന്നായിച്ചേർക്കുന്നതു് സംഘടനയ്ക്കു ഏറ്റവും ഉത്തമമായ
രീതിയായിരിക്കുമെന്നു് നമുക്കു തോന്നുന്നു. മതപരിവർത്തനം കൂടാതെ അസമത്വങ്ങളും
ബുദ്ധിമുട്ടുകളും തീരുകയില്ലെന്നു വിചാർക്കുന്നവർക്കു് ‘സനാതനധർമ്മം’
മതമായി സ്വീകരിക്കുന്നതു് അവരുടെ മതപരിവർത്തനവും സ്വാതന്ത്ര്യ
പ്രഖ്യാപനവും ആയിക്കരുതാവുന്നതാണു്.” (14) കൂടാതെ കൊല്ലവർഷം 1100 കുംഭമാസം
29നു (1925 മാർച്ചു) ഗാന്ധിജിയുമായുള്ള ചർച്ചയിൽ “ആദ്ധ്യാത്മികമായ മോക്ഷത്തിനു് ‘ഹിന്ദുമതം’ ധാരാളം പര്യാപ്തം തന്നെ” എന്നും ഗുരുദേവൻ
അസ്ഗ്നിഗ്ധമായിത്തന്നെ പറയുന്നുണ്ട്.(15) ഇവിടെ “ഹിന്ദുമതം” എന്നതിനെ
“സനാതനധർമ്മം” അഥവാ പരബ്രഹ്മശാസ്ത്രം എന്നാണു് മനസ്സിലാക്കേണ്ടതു്
1905ൽ (1080 മേടത്തില്‍)
യോഗത്തില്‍ നിന്നും പ്രചാരണത്തിനായി പോകുന്നവർക്കു നല്കിയ ഉപദേശങ്ങളിൽ ഗുരുദേവൻ
താഴപ്പറയുന്ന കാര്യങ്ങളും ഉൾപ്പെടുത്തിയിരുന്നു. അന്ധ വിശ്വാസങ്ങളെയും, പ്രാണിഹിംസ മുതലായ അമംഗളങ്ങളായ ആചാരങ്ങളോടുകൂടി അനുഷ്ടിക്കപ്പെടുന്ന ദുർദ്ദേവതാരാധനകളെ
നിരാകരിക്കുക. ഉത്തമരീതിയില്‍ ചെയ്യപ്പെടുന്ന ഈശ്വരാധനയുടെ മഹാത്മ്യത്തെയും (ആത്മീയശാസ്ത്രത്തിൽ
അടിസ്ഥാനമായ) “ശുദ്ധഹിന്ദുമതത്തിന്‍റെ” “സഗുണ
നിർഗുണ” തത്ത്വങ്ങളെയും പറ്റി പ്രസംഗിക്കുക. “ആവശ്യപ്പെടുന്ന സ്ഥലങ്ങളില്‍ ക്ഷേത്രങ്ങളോ
മഠങ്ങളോ നിർമ്മിക്കുന്നതില്‍ ജനങ്ങളെ ബുദ്ധിപൂര്‍വ്വം പ്രേരിപ്പിക്കുക” ഇവചെയ്യണം.
ഇതോടൊപ്പം തന്നെ “മത”ങ്ങളെ (Religions) ദൂഷണവിധമായി
ഒന്നും തന്നെ പറയാതിരിക്കണം.’(16) ചുരുക്കത്തിൽ “മതദൂഷണം” പാടില്ല,
നമ്മുടെ പൈതൃകമായ ആത്മീയജ്ഞാനം പകർന്നു കൊടുക്കണം. ഈ ഉപദേശങ്ങളിൽ
നിന്നും, അന്യരുടെ മതങ്ങളെ ബഹുമാനിക്കണം, അതേ സമയം നമ്മുടെ പൈതൃകത്തെ കൈവിടാതെ കാത്തുസൂക്ഷിക്കണം, അതിൽ കടന്നു കൂടിയിരുന്ന ആനാചാരങ്ങളേയും വിഘടനാപ്രവണതകളേയും ത്യജിക്കണം,
ശുദ്ധമായ “ഹിന്ദുമതം” (“സനാതനധർമ്മം”) അഥവാ “ഭാരതത്തിന്റെ ആത്മീയതത്വ”ങ്ങൾ
പ്രചരിപ്പിക്കണം, ആ “പരമാത്മശാസ്ത്ര”ത്തിൽ
അഥിഷ്ടിതമാക്കി, സമൂഹത്തെ
കെട്ടിപ്പടുത്തു്, സമത്വവും സാഹോദര്യവും പുനഃപ്രതിഷ്ടിക്കണം;
ഇതായിരുന്നു ഗുരുദേവന്‍റെ ലക്ഷ്യം
എന്നു മനസ്സിലാക്കാം.
1094 ഇടവമാസം 24 നു (1919 ജൂണിൽ) കവിയൂർ
ക്ഷേത്രത്തിനടുത്തുള്ള കൊച്ചിക്കാച്ചാന്നാരുടെ വീട്ടിൽ വച്ചു്, കൃസ്തുമതം സ്വീകരിക്കാൻ തയ്യാറായിരുന്ന “പിച്ചനാട്ടു കുറുപ്പന്മാർ” എന്ന
ഒരു ചെറിയ സമുദായത്തെ മുഴുവനായും ഗുരുദേവൻ ഈഴവ സമുദായത്തിലേക്കു് സ്വീകരിച്ചു. ഗുരുദേവൻ
“സനാതനധർമ്മി”കളുടെ “മത”സ്വീകരണത്തിനു് (Religion) എതിരായിരുന്നു
എന്നു് ഇതു ശരിക്കും വ്യക്തമാക്കുന്നു. ഈ പരിപാടി ഗുരുദേവന്‍റെ അദ്ധ്യക്ഷതയിൽ
ചേർന്ന ഒരു മഹായോഗത്തിൽ വച്ചാണു് നടത്തിയതു്. ആ യോഗത്തിൽ നാനാജാതിമതസ്ഥരും അവരുടെ നേതാക്കളും
പങ്കെടുത്തിരുന്നു. അതിനുശേഷം എല്ലാവരും ചേർന്നു പന്തിഭോജനവും നടത്തി. ഇവിടെയും
ഗുരുദേവൻ നമ്മുടെ പൈതൃകത്തിലെ (“ശുദ്ധഹിന്ദുമത”മായ ആത്മവിദ്യയിലെ) സമത്വസുന്ദരസന്ദേശമായ
“ഏകത്വ”ത്തിലേക്കു ജനങ്ങളെ നയിക്കാനാണു് ശ്രമിക്കുന്നതു്. സദ്യക്കുശേഷം ഈ പരിപാടി
നടത്താൻ മുൻകൈ എടുക്കുകയും നേതൃത്വം നല്കുകയും ചെയ്ത സരസകവി മൂലൂർ
പത്മനാഭപ്പണിക്കരോടായി ഗുരുദേവൻ ഇങ്ങനെ പറയുകയുണ്ടായി: “ഇന്നൊരു സുദിനമാനു്; സമുദായചരിത്രത്തിൽ ഇതൊരു പ്രധാനഘട്ടം തന്നെ. ഇതു പദ്യമാക്കണം. ആ ‘റിക്കാർഡ്’ ആലുവാ അദ്വൈതാശ്രമത്തിൽ സൂക്ഷിക്കണം.
നമുക്കില്ലാത്ത ധൈര്യമാണു് നിങ്ങൾക്കുള്ളതു്. കുമാരനാശാനും മറ്റുമില്ലാത്ത ഈ
ധൈര്യം നിങ്ങൾക്കെങ്ങനെ ഉണ്ടായി?”(17)
ഗുരുദേവനെ ക്രിസ്തുമതത്തിൽ ചേർക്കാൻ ശ്രമിച്ച
പാതിരിയോടു് ഗുരുദേവൻ നടത്തിയ സംവാദവും, തന്നെ ബൈബിൾ
പഠിപ്പിക്കാൻ വന്ന പാതിരിമാരോടു നടത്തിയ സംവാദവും ആത്മീയജ്ഞാനം നേടതെയുള്ള മതസ്വീകരണത്തെ
ഗുരുദേവൻ അനുകൂലിച്ചിരുന്നില്ല എന്നതിനുള്ള കൂടുതൽ തെളിവുകളാണു്.(18)
ഇവിടെ
പ്രദിപാദിച്ചകാര്യങ്ങളും, ഗുരുദേവവചനങ്ങളും, ഗുരുദേവകർമ്മങ്ങളും വിശകലനം ചെയ്താൽ നമ്മുടെ “പരബ്രഹ്മശാസ്ത്രത്തിനപ്പുറം
ഒരു പാതയും ഒരു “മത”വും (Religion) മോക്ഷമാർഗ്ഗത്തിനായി
ഇല്ലാ എന്നു് സ്പഷ്ട്ടമായിത്തന്നെ ഗുരുദേവൻ ഉദ്ഘോഷിക്കുന്നതായിക്കാണാം. അവയോടൊപ്പം
ആലുവാ അദ്വൈതാശ്രമം, ശിവഗിരിയിലെ ധർമ്മ സംഘം, ഇവയുടെ സ്ഥാപനോദ്ദേശങ്ങൾ, ഗുരുദേവകൃതികളിലടങ്ങിയിരിക്കുന്ന
ആത്മീയജ്ഞാനസമ്പത്ത്, ഇവയെല്ലാം അപഗ്രധിച്ചാൽ മനസ്സിലാകുന്നതു്, അഥവാ
മനസ്സിലാക്കേണ്ടതു്, ഗുരുദേവൻ ലൗകികമായ അല്ലെങ്കിൽ സാമുദായികമായ മാറ്റങ്ങൾക്കായി “മതം”
സ്വീകരിക്കുന്നതിനു് എതിരായിരുന്നു എന്നാണു്. ആത്മീയമായ പുരോഗതിയിലൂടെയുള്ള മാറ്റം
ആണാവശ്യം എന്നും, അതു്, ജ്ഞാനസമ്പാദനത്തിലൂടെ
നേടേണ്ടതാണെന്നും ഗുരുദേവൻ അരുളിച്ചെയ്തു-കാട്ടിത്തന്നു. ഇതിൽ നിന്നും ശുദ്ധമായ
“ഹിന്ദുമതം” അതായതു നമ്മുടെ “ആത്മീയശാസ്ത്രം” മനസ്സിലാക്കിയാൽ ആരും മതങ്ങൾ തേടി പോകേണ്ടതില്ല
എന്ന സത്യം മനസ്സിലാക്കിയ ഗുരുദേവൻ നമുക്കും അതു മനസ്സിലാക്കിത്തരുവാനാണു ശ്രമിച്ചിരുന്നതെന്നു
വ്യക്തമായും കാണാം. അപ്പോൾ ഗുരുദേവൻ “മതപരിവർത്തനത്തിനു്” (Religious
Conversion); അല്ല, മാനവ “മതസംഹരണത്തിനു്”
അല്ലെങ്കിൽ മാനവ “മതസമാഹരണത്തിനു്” തീർച്ചയായും എതിരായിരുന്നു.”
(© ഉദയഭാനു പണിക്കർ.)
No comments:
Post a Comment