Friday, May 6, 2016

ഗുരുദേവൻ ജനഹൃദയങ്ങലെത്തിക്കാൻ ശ്രമിച്ച വെളിച്ചം.



ഭാരത സംസ്കാരം, അറിവിനെ പരബ്രഹ്മമായി കാണൂന്നു. അറിവുണ്ടായാൽ ഹൃദയത്തിൽ വെളിച്ചം വീശും. ഗുരുദേവന്‍റെ വാക്കുകളും ചെയ്തികളും, ഗുരുദേവൻ നടത്തിയ ക്ഷേത്രപ്രതിഷ്ടകളും നമ്മെ പടിപടിയായി ആത്മീയ വെളിച്ചത്തിലേക്കു നയിക്കാനുള്ള ഉത്ബോധനങ്ങൾ ആയിരുന്നു. എന്നാൽ വളരെ അപൂർവ്വം ജനങ്ങളെ അതു ശരിയായ അർത്ഥത്തിൽ അന്നു മനസ്സിലാക്കിയിരുന്നുള്ളൂ; ഇന്നും മനസ്സിലാക്കുന്നുള്ളൂ.

ആ ആത്മീയ വെളിച്ചം ലഭിക്കാനുതകുന്ന ഏറ്റവും പ്രധാനപ്പെട്ട ഒരു ഉത്ബോധനമായിരിന്നു 1922ൽ മുരുക്കുംപുഴ ക്ഷേത്രത്തിൽ ഗുരുദേവൻ നടത്തിയ പ്രതിഷ്ട. മനുഷ്യനു്, ആത്മീയ ചൈതന്യമായ അറിവിന്‍റെ വെളിച്ചം ലഭിക്കാനുതകുന്ന, അടിസ്ഥാന ഗുണങ്ങളായ സത്യം, ധർമ്മം, ദയ, സ്നേഹം ഇവ നാലും ആലേഖനം ചെയ്ത ഒരു ഫലകമാണു് ഗുരുദേവൻ മുരുക്കുംപുഴ ക്ഷേത്രത്തിൽ പ്രതിഷ്ടിച്ചതു്.(1) മാനവ പുരോഗതിക്കുവേണ്ട ഈ നാലു ഗുണങ്ങളെ ആരാധിക്കാനാണു് ഗുരുദേവൻ ആ പ്രതിഷ്ടയിൽക്കൂടി മാനവകുലത്തോടു് ആഹ്വാനം ചെയ്യുന്നതു്. ഗുരുദേവന്‍റെ ഏറ്റവും ഉന്നതമായ പ്രതിഷ്ട കണ്ണാടി ആണെന്നു പറയാറുണ്ടെങ്കിലും, ആ കണ്ണാടി പ്രതിഷ്ടയിൽക്കൂടി ഗുരുദേവൻ കാട്ടിത്തരുന്ന ഏകത്ത്വത്തിന്‍റെ ആഴവും വ്യാപ്തിയും അറിയാൻ, മുരുക്കുംപുഴയിലെ പ്രതിഷ്ടയിലെ നാലുവാക്ക്യങ്ങളുടെയും അർത്ഥം ഗ്രഹിച്ചിരിക്കണം, അവയെ ആചരിച്ചിരിക്കുകയും വേണം. പ്രത്യേകിച്ചും അതിലെ ആദ്യവാക്കായ “സത്യം”. അവിടെയാണു് മുരുക്കുംപുഴയിലെ ഈ പ്രതിഷ്ടയുടെ പ്രാധാന്യം കുടികൊള്ളുന്നതും.

സത്യമാണു് എല്ലാ ഗുണങ്ങളിലും ഉത്തമം. പരബ്രഹ്മമാണെല്ലാത്തിലും ഉന്നതവും നിത്യവും ആയ ‘സത്യം’. ഈ അഘിലാണ്ഡത്തിന്‍റെ നിലനില്പുതന്നെ ആ ‘സത്യ’ത്തിലാണു്. ആയതിനാൽ എപ്പോഴും ‘സത്യം’ പറയുക. ഒരിക്കലും കളവു പറയാതെ ഇരിക്കുക”, എന്നാണൂ് ഗുരുദേവൻ “നാരായണസ്മൃതി”യിലൂടെ നമ്മോടുപദേശിക്കുന്നതു്. (2)

“സ്നേഹം” മനുഷ്യനു് അത്യാവശ്യമായും വേണ്ട ഗുണമാണു്. തന്നോടും തന്‍റെ സ്വന്തമായതിനോടും  മാത്രമല്ല. സകല ജീവജാലങ്ങളോടും ഉള്ള നമ്മുടെ എല്ലാ പ്രതികരണങ്ങളും, എല്ലാ കർമ്മങ്ങളും സ്നേഹപൂർണ്ണമായിരിക്കണം. അതു നമ്മെ, (മാനവ സമൂഹത്തെ ഒന്നടങ്കം), “ദയാ”പൂർണ്ണമായ ഒരു ചുറ്റുപാടിലേക്കു നയിക്കും, അതു് എല്ലാവരേയും പുരോഗതിയിലേക്കും നയിക്കും. ഇതു സാധിതമാകണം എങ്കിൽ നമ്മുടെ സകല ചിന്തകളും “ധാർമ്മിക”മായിരിക്കണം. “ധാർമ്മിക”മായ ചിന്തകൾ, “സത്യ”ത്തിൽ അടിസ്ഥാനമായി മാത്രമേ ഉണ്ടാകൂ. അവിടെയാണു “സത്യ”ത്തിന്‍റെ പ്രാധാന്യം കുടികൊള്ളുന്നതും. ഇതേ കാരണത്താൽ തന്നെ “സത്യം” പറയുക എന്നതും, അതനുസരിച്ചു പ്രവർത്തിക്കുക എന്നതും അടിസ്ഥാന പരമായതും, ഏറ്റവും പ്രധാനപ്പെട്ടതും ആണു്. ഇതു് മനുഷ്യകുലത്തിനു് അത്യാവശ്യമായും വേണ്ട ഗുണവും ആണു്. എന്നാൽ ഇന്നു സമൂഹം ആ വഴിക്കല്ല നീങ്ങുന്നതെന്നതാണു നാം കാണുന്നതു്.

മനുഷ്യനെ ഈ പ്രവർത്തിയിലേക്കു നയിക്കുന്നതു് ഭീരുത്വമാണു്. ഭീരുത്ത്വം ഉടലെടുക്കുന്നതോ അറിവില്ലായ്മയിൽ നിന്നും. ദർശനമാലയിൽ ഇതേപ്പറ്റി ഗുരുദേവൻ പറയുന്നതു നോക്കുക. കാണപ്പെടുന്നു എന്നു് “അവിദ്യ”യാൽ തോന്നപ്പെടുന്നതും, ഇന്ദ്രീയ സുഖങ്ങൾക്കുതകുന്നതുമായ കാര്യങ്ങളാണു് “സത്യം” എന്നു ജനം തെറ്റിദ്ധരിക്കുന്നു. ആ “അസത്യ”ത്തെ “സത്യ”മായി കാണുന്ന ജനം ആ ഇന്ദ്രീയ സുഖങ്ങൾക്കായി പല അധാർമ്മികതകളും ചെയ്യുന്നു. (3)

“സത്യാസത്യവിവേകം” ഉള്ളവർക്കു് ഇന്ദ്രീയ സുഖങ്ങളെല്ലാം വെറും മാരീചിക മാത്രം ആണു്. എന്നാൽ അതില്ലാത്തവർക്കോ ഇതെല്ലാം “സത്യ”മെന്നും തോന്നും; കണ്ണാടിയിൽ സ്വന്തം പ്രതിബിംബം കാണുമ്പോൾ, അതു തന്നെപ്പോലെയുള്ള ഒരു കുട്ടിയാണെന്നു കരുതുന്ന കുട്ടിയെപ്പോലെ. (4) ഇങ്ങനെയുള്ള മിത്ഥ്യാജ്ഞാനം മാറി “സത്യ”ത്തിന്‍റെ ശരിയായ ബോധം എല്ലാവർക്കും ഉണ്ടാകട്ടെ.

ഇന്നു് ഗുരുദേവഭക്തന്മാരായി ചമഞ്ഞു നടക്കുന്നവരിലും ഭൂരിപക്ഷവും “സത്യ”ത്തിനു യാതൊരു വിലയും കല്പിക്കുന്നില്ല എന്നു കാണാം. തൻകാര്യസാദ്ധ്യത്തിനും, പേരിനും പെരുമയ്ക്കുമായി “അസത്യ”ത്തിൽക്കൂടിയാണു് അവരിൽ പലരും ചരിക്കുന്നതു്. സ്വജീവിതത്തിൽ മാത്രം അല്ല ഗുരുദേവ പ്രസ്ഥാനങ്ങളിൽ പോലും, പലരും “അസത്യ”മായതു പറയുന്നു, പ്രവർത്തിക്കുന്നു, പ്രചരിപ്പിക്കുന്നു. സത്യമല്ല എന്നു് അറിഞ്ഞുകൊണ്ടു തന്നെ അതു ചെയ്യുന്നു. ഗുരുവിനെത്തന്നെ ഇതിനായി ഉപയോഗിക്കുന്നു എന്നതാണതിലും പരിതാപകരമായ അവസ്ഥ. ആത്മജ്ഞാനം ഉണ്ടാകുമ്പോൾ,  ഈ ഇന്ദ്രീയ സുഖങ്ങളെല്ലാം “അസത്യ”മാണെന്ന ബോധം ഉണ്ടായി “സത്യ”ത്തിലേക്കു് അങ്ങനെയുള്ളവർ അവരുടെ ഗതി മാറ്റും എന്നു കരുതാം. അതിനായി ഗുരുദേവൻ എല്ലാവരേയും അനുഗ്രഹിക്കട്ടെ.

© ഉദയഭാനു പണിക്കർ; ഇതു ഭാഗികമായോ പൂർണ്ണമായോ ഉപയോഗിക്കേണ്ടവർ ലേഖകനുമായി ബംന്ധപ്പെടുക.)

ഈ ലേഖനം തയ്യാറാക്കാനുപയോഗിച്ച സഹായകഗ്രന്ധങ്ങൾ:

(1) പ്രഫസർ എം. കെ. സാനു എഴുതിയ നാരായണ ഗുരുസ്വാമി, പുറം196; ശ്രീ സി. ആർ. മിത്ര എഴുതിയ, നാരായണ ഗുരു ആൻഡ് സോഷ്യൽ റവലൂഷ്യൻ, പുറം 181-182; കോട്ടുകോയിക്കൽ വേലായുധൻ എഴുതിയ ശ്രീനാരായണഗുരു – സമഗ്രവും സമ്പൂർണ്ണവുമായ ജീവചരിത്രം, പുറം 105-106, 111-112.

(2) ഗുരുദേവന്റെ “നാരായണസ്മൃതി” എന്ന കൃതിയിലെ എഴുപത്തിരണ്ടാം മന്ത്രം.

(3) ഗുരുദേവൻ രചിച്ച ദർശനമാലയിലെ അസത്യദർശനത്തിലെ രണ്ടാം മന്ത്രം.

(4) ഗുരുദേവൻ രചിച്ച ദർശനമാലയിലെ അസത്യദർശനത്തിലെ ആറാം മന്ത്രം.